Monday, 6 June 2016

സമ്പൂർണ്ണതാവാദം - ഗുണങ്ങളും ദോഷങ്ങളും



ഏതു പ്രവൃത്തി ചെയ്യുകയാണെങ്കിലും - അത് എത്ര ലളിതമോ ഹ്രസ്വമോ ആയിക്കൊള്ളട്ടെ - അത് ഏറ്റവും നന്നായി ചെയ്യുക എന്നുള്ളതിലാണല്ലോ നാമേവരും ശ്രദ്ധിക്കുന്നത്. അത് കൊണ്ട് അനേകം ഗുണങ്ങളും നാം അനുഭവിച്ചിട്ടുണ്ട്. എന്നാൽ ഇതേ ചിന്ത തന്നെ അപകടവും ക്ഷണിച്ചു വരുത്തും എന്ന് പറഞ്ഞാലോ? യോജിക്കാൻ തരമുണ്ടോ? അധികമായാൽ അമൃതും വിഷം എന്ന ആപ്തവാക്യം തന്നെയാണ് ഇവിടെ പ്രസക്തമായിട്ടുള്ളത്.

ചിലരുണ്ട് - എല്ലാ പ്രവൃത്തികളും സമ്പൂർണ്ണം ആയിരിക്കണം എന്ന് ചിന്തിക്കുന്നവർ. ഒരു പ്രവൃത്തിയുടെ അന്തിമ ഫലം നന്നായാൽ മാത്രം ഇവർ സംതൃപ്തർ ആവുകയില്ല. മറിച്ച് പ്രവൃത്തിയുടെ എല്ലാ ഘട്ടങ്ങളും അതിലടങ്ങിയിട്ടുള്ള എല്ലാ ചെറിയ ചെറിയ കൃത്യങ്ങൾ പോലും സമ്പൂർണ്ണം ആയിരിക്കണം എന്ന് നിഷ്ഠയുള്ളവർ. ഗണത്തിൽ പെടുന്നവർ ഏർപ്പെടുന്ന ഒട്ടുമിക്ക പ്രവൃത്തികളും മികച്ച ഫലം തരുന്നതും ആയിരിക്കും. അവരുടെ പ്രവർത്തനരീതികൾ മറ്റുള്ളവർക്ക് പ്രചോദനവുമാണ്. ഇത്തരത്തിലുള്ളവരുടെ കൂടെ പ്രവർത്തിക്കാൻ എല്ലാവർക്കും താല്പ്പര്യവുമാണ് – കാരണം, താൻ അറിയാതെ തന്നെ തന്റെ പ്രവർത്തനരീതികൾ മെച്ചമാകുന്നു, അന്തരീക്ഷം എപ്പോളും സമാധാനത്തിന്റെയും സന്തോഷത്തിന്റെയും ആകുന്നു എന്നതൊക്കെത്തന്നെ.

എന്നാൽ പ്രശ്നം തുടങ്ങുന്നത് നിഷ്ഠ ഒരു ശാഠ്യം ആയി മാറുമ്പോളാണ്. ശാഠ്യം രണ്ടു തരത്തിൽ അപകടമാണ്, ഏതൊക്കെയെന്നൊ?

[1] താൻ ചെയ്യുന്നത്ര ഭംഗിയായി മറ്റുള്ളവരും ചെയ്യണം എന്നു നിർബന്ധബുദ്ധി വരുമ്പോൾ

ഇത്തരം നിർബന്ധബുദ്ധി ഉള്ളവരുടെ കൂടെയുള്ള ജീവിതമോ ജോലിയോ സാമാന്യം ബുദ്ധിമുട്ടുള്ളതും സംഘർഷഭരിതവും ആയിരിക്കും. തന്‍റെ സഹപ്രവർത്തകരുടെ പ്രവർത്തനരീതിയെ ശരിയായ രീതിയിലേക്ക് സാവധാനം നയിക്കുന്നതിന് പകരം ഉടനടി സമ്പൂർണ്ണതയിലേക്ക് കൊണ്ടുവരാനായിരിക്കും ഇവർ ശാഠ്യം പിടിക്കുന്നത്. ഇത് അനാവശ്യസംഘർഷങ്ങൾക്ക് കാരണമാകും.

[2] എത്ര നന്നായി ചെയ്താലും സംതൃപ്തി കിട്ടാതാകുമ്പോൾ

ഇക്കൂട്ടർ ഒരേ പ്രവൃത്തി തന്നെ ഒട്ടനവധി തവണ ആവർത്തിച്ചു ചെയ്യും - പലപ്പോളും ഒരു നിശ്ചിത ആവർത്തി - ചിലർക്ക് അത് മൂന്നു തവണയാകാം, മറ്റു ചിലർക്ക് അത് അഞ്ചു തവണയാകാം. എന്തിനധികം പറയുന്നു, പ്രാണദർശനിൽ വന്ന ഒരാൾക്ക്‌ 8, 16, 32, എന്ന പ്രകാരം ആവർത്തിച്ചാലെ ത്രിപ്തിയാകൂ എന്ന നിർബന്ധബുദ്ധി ഉണ്ടായിരുന്നു!! നിർബന്ധബുദ്ധി രൂപപ്പെട്ടത് സമ്പൂർണ്ണതാബുദ്ധി അതിരുകടന്നപ്പോളാണ്. ഇവർ സാവധാനം OCD [Obsessive Compulsive Disorder അഥവാ പീഡിതമായി നിർബന്ധിക്കുന്ന രോഗം] എന്ന മാനസിക രോഗത്തിലേക്ക് വഴുതിവീഴുന്നു.

ഇനി നമുക്ക് ശാഠ്യമുള്ള സമ്പൂർണ്ണതാവാദികളെയും ശാഠ്യമില്ലാത്ത സമ്പൂർണ്ണതാവാദികളെയും താരതമ്യപ്പെടുത്തി വിശകലനം ചെയ്യാം.

സമ്പൂർണ്ണതാവാദികൾ
ശാഠ്യമില്ലാത്തവർ
ശാഠ്യമുള്ളവർ
മികച്ച ഫലം ലഭിക്കുന്നു
മിശ്രഫലം ലഭിക്കുന്നു
പുരോഗതിക്ക് സാധ്യത
അധോഗതിക്ക് സാധ്യത
തനിക്കും മറ്റുള്ളവർക്കും സമാധാനം
തനിക്കും മറ്റുള്ളവർക്കും സംഘർഷം
തനിക്കും മറ്റുള്ളവർക്കും സംതൃപ്തി
തനിക്കും മറ്റുള്ളവർക്കും  അസംതൃപ്തി
ആന്തരികശുദ്ധിയിലേക്ക് നയിക്കുന്നു
മാനസികരോഗത്തിലേക്ക് നയിക്കുന്നു
ഇത്തരം മേലുദ്യോഗസ്ഥർ മാതൃകയാകുന്നു
ഇത്തരം മേലുദ്യോഗസ്ഥർ വിദ്വേഷിതരാകുന്നു 
കീഴ്ജീവനക്കാർക്ക് മേൽനോട്ടം ആവശ്യമില്ല
കീഴ്ജീവനക്കാർക്ക് മേൽനോട്ടം ആവശ്യമുണ്ട് 



ഇനി സ്വയം ഒന്ന് വിലയിരുത്തൂ .... നിങ്ങൾ ഏതു വിഭാഗത്തിൽ പെടുന്നവരാണ്?


No comments:

Post a Comment