ലോകത്തിലെ
സാമാന്യ മനുഷ്യർ എല്ലാവരും തന്നെ
എന്തെങ്കിലും ആഗ്രഹങ്ങളാൽ പ്രേരിപ്പിക്കപ്പെട്ടാണ് ജീവിക്കുന്നത്. ഈ ആഗ്രഹങ്ങളെ
അല്ലെങ്കിൽ ലക്ഷ്യങ്ങളെ ഏതു പേരിട്ടു
വിളിച്ചാലും അവയെല്ലാം ഒടുവിൽ ചെന്നെത്തുന്നത്
സന്തോഷത്തിലാണെന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കും. അതായത്
സന്തോഷം നേടാൻ വേണ്ടിയാണ് മനുഷ്യൻ
എല്ലാ പ്രവൃത്തികളിലും ഏർപ്പെടുന്നത് എന്നർത്ഥം. അത് കൊണ്ട്
തന്നെ, എപ്രകാരം സന്തോഷത്തോടെ സുഖമായി
ജീവിക്കാം എന്ന് നാമോരോരുത്തരും അറിഞ്ഞിരിക്കേണ്ടതുമുണ്ട്.
ഒരു മനുഷ്യൻ ശരീരം, മനസ്സ്,
ആത്മാവ് എന്നിവയുടെ സംയോഗം ആണ്.
ആയതിനാൽ അവന്റെ സന്തോഷം ഈ
മൂന്നിന്റെയും സ്വാസ്ഥ്യത്തെ ആശ്രയിച്ചിരിക്കും. അതിൽ ശരീരത്തെ അറിയുക
എന്നതാണ് ആദ്യ പടി.
എന്താണ് ശരീരം?
പൂർവ്വികരുടെ
ദർശനമനുസരിച്ച് പഞ്ചഭൂതങ്ങളാൽ - പ്രിഥ്വി, അഗ്നി, ജലം, വായു, ആകാശം - നിർമ്മിതമാണ്
മനുഷ്യശരീരം. അങ്ങനെയുള്ള
ഈ ശരീരത്തിൽ അഞ്ചു
ജ്ഞാനേന്ദ്രിയങ്ങളും അഞ്ചു കർമ്മേന്ദ്രിയങ്ങളും ഉണ്ട്.
ഇവയിലൂടെ മനസ്സ് ബാഹ്യവിഷയങ്ങളിൽ പ്രവർത്തിക്കുമ്പോളാണ്
അറിവ് നേടാനും കർമ്മം ചെയ്യാനും
സാധിക്കുന്നത്.
ഈ ശരീരത്തിൽ അസ്വസ്ഥത ഉണ്ടായാൽ
അത് ഒരുവന്റെ സന്തോഷത്തെ
പ്രതികൂലമായി ബാധിക്കുന്നു. അത്തരം അസ്വസ്ഥതകൾ ഉണ്ടാകാനുള്ള
കാരണങ്ങൾ പലതാണെങ്കിലും അവയെ മുഖ്യമായും രണ്ടായി
തിരിക്കാം - ആധിജ വ്യാധികളെന്നും അനാധിജ
വ്യാധികളെന്നും. മനസ്സ് ഹേതുവായി ഉണ്ടാകുന്ന
രോഗങ്ങളെ ആധിജ വ്യാധികളെന്നും അപ്രകാരം
അല്ലാത്തതിനെ അനാധിജ വ്യാധികളെന്നും വിളിക്കുന്നു.
ഇവ രണ്ടിനെയും അർഹിക്കുന്ന
പ്രാധാന്യത്തോടെ സമീപിച്ചാൽ സ്വസ്ഥതയിലേക്ക് തിരിച്ചു
പോകാൻ സാധിക്കും.
ആധിജവ്യാധികളുടെ
ഉത്ഭവം ക്ലേശപൂരിതമായ മനസ്സാണ്. മനസ്സിലെ ക്ലേശബാഹുല്യങ്ങൾ
ശരീരത്തിൽ അസ്വസ്ഥതകളായി പ്രകടീകൃതമാകുന്നു - വിശിഷ്യാ ജീവിതശൈലീരോഗങ്ങളായിട്ട്. പ്രക്ഷുബ്ധമായ മനസ്സിനെ
പ്രശമനം ചെയ്യുകയല്ലാതെ ഇതിൽ നിന്നും മോചനമില്ല.
ഔഷധത്തിനേക്കാൾ ഇവിടെ ഫലവത്താകുന്നത് മനസ്സിലെ
സംഘർഷങ്ങൾക്ക് സമാധാനം കണ്ടെത്തുന്നതാണ്. ഇതിലേക്കായി
അനവധി പ്രാചീന-ആധുനിക സംവിധാനങ്ങളും
ഇന്ന് പ്രചാരത്തിലുണ്ട്. ഇവയിൽ പ്രാണദർശൻ മുന്നോട്ട്
വയ്ക്കുന്ന ഉപാധികൾ വളരെ ലളിതവും
ക്ഷിപ്രഫലദായകവും ആണ്. അവ പരിശീലിച്ചു
തുടങ്ങുന്ന മാത്രയിൽ തന്നെ വ്യത്യാസം
കണ്ടു തുടങ്ങുന്നു.
എന്ത് കൊണ്ടാണ് നമുക്ക് മാനസിക
സംഘർഷങ്ങൾ ഉണ്ടാകുന്നത്, അവയെ എങ്ങനെ ലഖൂകരിക്കാം
എന്നതിനെ പറ്റി അടുത്ത ലേഖനത്തിലൂടെ
ചർച്ച ചെയ്യാം.

No comments:
Post a Comment