ഏതു ലക്ഷ്യവും നേടാനായി അവശ്യം വേണ്ട ഒരു ഗുണമാണ് ശ്രദ്ധ. പരാജയത്തിന്റെ ഒട്ടുമിക്ക കാരണങ്ങളെയും തരണം ചെയ്യാനായി
ഈ ഒരു ഗുണം മാത്രം മതിയാകും.
പക്ഷേ നിർഭാഗ്യമെന്നു
പറയട്ടെ, പലപ്പോഴും അർഹിക്കുന്ന
പ്രാധാന്യത്തോടെ നാം ഈ
ഗുണത്തെ സമീപിക്കാറില്ല. ഈ ലേഖനത്തിലൂടെ
ശ്രദ്ധ എന്ന ഗുണം ഏതെല്ലാം
രീതിയിലാണ് നമ്മെ ലക്ഷ്യം നേടുന്നതിൽ സഹായിക്കുന്നത്
എന്നു പരിശോധിക്കാം.
ആദ്യം, എന്താണ് ശ്രദ്ധ എന്നു
നോക്കാം.
ശ്രദ്ധ എന്നാൽ ഒരു നിശ്ചിത
വസ്തുവിൽ ചിന്തകളെ കേന്ദ്രീകരിക്കുക എന്നതാകുന്നു.
ഇത് വെറുമൊരു വസ്തുവാകാം,
ജീവിതത്തിലെ ഒരു സുപ്രധാന
ലക്ഷ്യവുമാകാം. ഏതു തന്നെയായാലും,
മനസ്സ് വ്യതിചലിക്കാതെയിരിക്കുന്ന അവസ്ഥയെയാണ് ശ്രദ്ധ എന്നു പറയുന്നത്.
അങ്ങനെയുള്ള
ഈ ശ്രദ്ധയെ വിജയത്തിനുള്ള
ഒറ്റമൂലി എന്നു തന്നെ വിശേഷിപ്പിക്കാം.
ശ്രദ്ധ അനേകം പ്രയോജനങ്ങൾ തരുന്നുണ്ടെങ്കിലും
അവയിൽ 5 എണ്ണമാണ് പ്രധാനം. അവയേതൊക്കെയെന്നു
നോക്കാം:-
1. ശ്രദ്ധയുള്ളവന്റെ
ഗ്രഹണശക്തി വർദ്ധിക്കുന്നു: പലപ്പോഴും ഒരു കാര്യം മനസ്സിലാക്കാൻ വളരെയധികം
സമയം എടുക്കുന്നതിനുള്ള പ്രധാന കാരണം മനസ്സ് മറ്റു വിചാരങ്ങളിലേക്ക് കൂടി ചിതറിപ്പോകുന്നതാണ്.
ഏകാഗ്രതയോടെയാണ് സമീപിക്കുന്നതെങ്കിൽ ഏതൊന്നിന്റെ സ്വഭാവത്തെയും ഗുണങ്ങളെയും വളരെ വേഗം
തന്നെ ഉൾക്കൊള്ളാൻ സാധിക്കും. ഈ വർദ്ധിതമായ ഗ്രാഹ്യശക്തി ലക്ഷ്യത്തിലേക്ക് അതിവേഗം
എത്തിച്ചേരാൻ നമ്മെ സഹായിക്കുന്നു.
2. ശ്രദ്ധയുള്ളവൻ
ചെറുലക്ഷ്യങ്ങളെ ദ്രുതഗതിയിൽ നേടുന്നു:
വലിയ
ലക്ഷ്യങ്ങൾ
നേടുവാനുള്ള ഒരു ഉപായമാണ്
അവയെ ചെറിയ ചെറിയ
ലക്ഷ്യങ്ങളാക്കി ഖണ്ഡിക്കുകയും ആ ചെറിയ
ലക്ഷ്യങ്ങളെ ക്രമാനുഗതമായി നേടുക എന്നുള്ളതും. ശ്രദ്ധയുള്ളവർക്ക്
ചെറിയ ലക്ഷ്യങ്ങൾ നിഷ്പ്രയാസം നേടാൻ
സാധിക്കും. ഇത്തരം ചെറിയ ലക്ഷ്യങ്ങളെ സമയബന്ധിതമായി
നേടാൻ സാധിക്കുക എന്നത് യഥാർത്ഥ
ലക്ഷ്യം പ്രാപിക്കുന്നതിനുള്ള വളരെ വലിയൊരു പ്രചോദനം
കൂടിയാണ്.
3. ശ്രദ്ധയുള്ളവനെ
വിപരീതവിചാരങ്ങൾ അലട്ടുന്നില്ല:
പലപ്പോഴും ഒരു ലക്ഷ്യത്തിലേക്കുള്ള
യാത്ര തുടങ്ങിക്കഴിയുമ്പോൾ നേർവിപരീതമായിട്ടുള്ള സാഹചര്യങ്ങൾ നമുക്ക് മുന്നിൽ വന്നുചേരും.
ഉദാഹരണത്തിന് അമിതവണ്ണം കുറക്കാനുള്ള പരിശ്രമം
ചെയ്തുകൊണ്ടിരിക്കുമ്പോളാകും അടുപ്പിച്ചടുപ്പിച്ച് വിരുന്നുകൾ വരുന്നത്. ഇത്
പലരേയും ലക്ഷ്യത്തിൽ നിന്നും പിന്മാറാൻ പ്രേരിപ്പിക്കും.
എന്നാൽ തന്റെ ലക്ഷ്യത്തിൽ ഉറച്ച
ശ്രദ്ധയുള്ളവരാകട്ടെ, ഈ വിപരീതസന്ദർഭങ്ങളുടെ
പ്രലോഭനത്തിൽ വീണുപോകുന്നില്ല. കാരണം, അത്തരം സന്ദർഭങ്ങൾ
അവരുടെ ശ്രദ്ധയെ പിടിച്ചു പറ്റുന്നില്ല
എന്നത് തന്നെ. വിരുന്നിനെപ്പറ്റി ചിന്തിക്കാനോ
അത് തരുന്ന ക്ഷണികമായ
സുഖത്തെപ്പറ്റി ചിന്തിക്കാനോ അവർക്ക് സമയവുമില്ല, താല്പ്പര്യവുമില്ല.
4. ശ്രദ്ധയുള്ളവനെ
ഇതരവിചാരങ്ങൾ വഴിതിരിച്ചു വിടുന്നില്ല:
വിപരീത വിചാരങ്ങൾ മാത്രമല്ല, മറ്റു
പലവക വിചാരങ്ങളും ഒരാളുടെ
ലക്ഷ്യബോധത്തെ സ്വാധീനിക്കാം. അവയ്ക്ക് ഒരു പക്ഷെ
ലക്ഷ്യവുമായി യാതൊരു ബന്ധവും ഉണ്ടാകില്ല.
എന്നിരുന്നാലും മനസ്സ് അതിലേക്കൊക്കെ വ്യാപ്രിതമായി
പോയാൽ, ലക്ഷ്യപ്രാപ്തി ഒരു വിദൂരസ്വപ്നം
മാത്രമായി അവശേഷിക്കും. ശ്രദ്ധയെ ഏകാഗ്രമാക്കിയവനെ ഇത്തരം
ബഹുവിധവിചാരങ്ങൾ വഴി തിരിച്ചു
വിടുന്നില്ല. അതുകൊണ്ട് തന്നെ അവന്റെ
ലക്ഷ്യപൂർത്തീകരണം താരതമ്യേന സുഗമവുമാകുന്നു.
5. ശ്രദ്ധയുള്ളവന്
ലക്ഷ്യപ്രാപ്തിയുടെ സാധ്യതയിൽ സംശയം
ഉണ്ടാകുന്നില്ല: ഭൂരിഭാഗം പേരും
ആരംഭശൂരത്വം മാത്രമുള്ളവരാണ്. വളരെ ഉത്സാഹത്തോടെ പലതും
തുടങ്ങിവക്കും, പക്ഷേ പകുതിക്കു വച്ചു അവസാനിപ്പിക്കും. ഇതിനു
പ്രധാന കാരണം ലക്ഷ്യത്തിലുള്ള അഥവാ
ലക്ഷ്യപ്രാപ്തിയിലൂടെ ഉണ്ടാകാവുന്ന പ്രയോജനത്തിലുള്ള സംശയമാണ് അല്ലെങ്കിൽ അവിശ്വാസമാണ്.
"ഇതൊക്കെ സാധ്യമാണോ?" "ഇത് നേടിയിട്ടു
ഈ പറഞ്ഞ പ്രയോജനം
വല്ലതും കിട്ടുമോ?" തുടങ്ങിയ ചോദ്യങ്ങൾ ചോദിച്ചു
കൊണ്ട് അവർ പരിശ്രമം
അവസാനിപ്പിക്കും. ശ്രദ്ധയുള്ളവൻ ലക്ഷ്യബോധമുള്ളവനാണ്, അവനു നേട്ടത്തിന്റെ പ്രയോജനത്തിൽ
ഒരു സംശയവും ഇല്ല.
അതുകൊണ്ട് തന്നെ അവൻ ലക്ഷ്യം പൂർത്തീകരിച്ചതിനു ശേഷമേ
വിശ്രമിക്കുന്നുള്ളൂ.
ഇതുകൊണ്ടൊക്കെത്തന്നെയാണ്
ശ്രദ്ധ ഇത്ര പ്രാധാന്യം അർഹിക്കുന്നതും,
ശ്രദ്ധ വർദ്ധിപ്പിക്കുവാൻ വേണ്ടി
അനവധി ഉപായങ്ങളെ പൂർവ്വാചാര്യന്മാർ ഉപദേശിച്ചതും.
അത്തരം ചില ഉപായങ്ങളെപ്പറ്റി
മറ്റൊരു ലേഖനത്തിലൂടെ ചർച്ച ചെയ്യാം.

No comments:
Post a Comment